അച്ഛൻ കൂടെയില്ലാത്ത ആദ്യത്തെ പിറന്നാളാണ് തനിക്കിതെന്നും അച്ഛനെക്കുറിച്ചുള്ള ഓർമകളാണ് ഈ ദിനത്തിൽ തനിക്ക് സ്വന്തനമാകുന്നതെന്നും കുറിച്ച് നടി കാവ്യ മാധവൻ. താരത്തിന്റെ 40-ാം ജൻമദിനമാണിന്ന്. അച്ഛനൊപ്പമുള്ള കുട്ടിക്കാലത്തെ മനോഹരമായ ചിത്രങ്ങളും കാവ്യ പങ്കുവച്ചു.
ഓരോ പിറന്നാളും, ഓരോ ഓർമ്മദിനവും അച്ഛന്റെ സാന്നിധ്യം കൊണ്ടാണ് അവിസ്മരണീയമായത്. ഇന്ന്, അച്ഛൻ കൂടെയില്ലാത്ത ആദ്യ പിറന്നാൾ. മനസിൽ മായാത്ത ഓർമ്മകളും വാത്സല്യവും സമ്മാനിച്ച അച്ഛന്റെ സ്മരണകളാണ് ഈ ജന്മദിനത്തിൽ എനിക്ക് സാന്ത്വനമാകുന്നത്. കാവ്യ കുറിച്ചു.
രണ്ടുമാസങ്ങൾക്ക് മുൻപ് ജൂൺ 17-നാണ് കാവ്യയുടെ പിതാവ് പി. മാധവൻ അന്തരിച്ചത്. ചെന്നൈയിൽ കാവ്യയ്ക്കൊപ്പമായിരുന്നു ഇവരുടെ താമസം.
കാസർഗോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗവും സുപ്രിയ ടെക്സ്റ്റൈൽസ് ഉടമയുമായിരുന്ന പി. മാധവന്റെ വിയോഗം നടിയെ തളർത്തിയിരുന്നു. കാവ്യ മാധവന്റെ സിനിമയിലേക്കുള്ള പ്രവേശനകാലം മുതല് തന്നെ മകള്ക്ക് പൂര്ണപിന്തുണയുമായി കൂടെയുണ്ടായിരുന്ന ആളാണ് പിതാവ് പി. മാധവന്. കുട്ടിക്കാലത്ത് വേദികളിലും സിനിമാസെറ്റുകളിലും കാവ്യയ്ക്കൊപ്പം നിന്ന് ശക്തമായ പിന്തുണയും സ്നേഹവും നല്കിയ വ്യക്തി.
പല അഭിമുഖങ്ങളിലും കാവ്യ പിതാവിനെക്കുറിച്ചും അദ്ദേഹത്തിന്റെ പിന്തുണയെക്കുറിച്ചും വാചാലയായിരുന്നു. നീലേശ്വരം എന്ന ഗ്രാമത്തില് നിന്നും തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന അഭിനേത്രിയായി കാവ്യ മാറിയതിനു പിന്നിലും മാധവൻ എന്ന മനുഷ്യന്റെ ഒരായുസിന്റെ പ്രയത്നം ഉണ്ട്.